Kerala

‘ആരെങ്കിലും സീറ്റ് ഒഴിഞ്ഞു കൊടുത്തിരുന്നെങ്കില്‍ അവള്‍ ജീവനോടെയുണ്ടായിരുന്നേനെ’; ബസുകളുടെ മത്സരയോട്ടത്തിനിടയില്‍ തെറിച്ചുവീണ് മരിച്ച ഗര്‍ഭിണിയുടെ ഭര്‍ത്താവിന്റെ കരളലിയിക്കുന്ന വാക്കുകള്‍

1

കോട്ടയം: ആരെങ്കിലും സീറ്റ് ഒഴിഞ്ഞു കൊടുത്തിരുന്നെങ്കില്‍ അത് അവളുടെ അവസാന യാത്ര ആവുമായിരുന്നില്ല. ബസിലെ ഏതെങ്കിലും ഒരാള്‍ക്കെങ്കിലും അവള്‍ക്ക് സീറ്റൊഴിഞ്ഞു കൊടുക്കാനുള്ള മനസുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവള്‍ ജീവനോടെയുണ്ടായിരുന്നേനെ. തന്റെ കുഞ്ഞുങ്ങള്‍ക്ക് അമ്മയെ നഷ്ടപ്പെടില്ലായിരുന്നു.
ഇത് കോട്ടയം സ്വദേശിയായ താഹയുടെ വാക്കുകളാണിത്.

കഴിഞ്ഞ ദിവസം ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് മരിച്ച നാഷിദയുടെ ഭര്‍ത്താവാണ് താഹ. മൂന്ന് മക്കളേയും താഹയുടെ കൈകളില്‍ ഏല്‍പ്പിച്ചാണ് നാഷിദ പോയത്. എട്ട് മാസം ഗര്‍ഭിണിയായിരുന്നു നാഷിദ. അഞ്ച് കിലോ മീറ്ററിന്റെ യാത്ര മാത്രമാണ് നാഷിദയ്ക്ക് പോകാനുണ്ടായത്. വളവ് തിരിഞ്ഞപ്പോള്‍ ഇവര്‍ പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച നാഷിദയെ അന്നുതന്നെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തിരുന്നു. എന്നാല്‍ പത്തും അഞ്ചും വയസുള്ള പെണ്‍മക്കള്‍ക്കുശേഷം പിറന്ന ആണ്‍ കുഞ്ഞിനെ ഒരുനോക്കു കാണാതെയാണ് നാഷിദ യാത്രയായത്.

ഭാര്യയുടെ മരണത്തിന് ബസ്സില്‍ യാത്ര ചെയ്തിരുന്നവരും ഉത്തരവാദികളാണെന്ന് താഹ പറഞ്ഞു. ഗര്‍ഭിണിയായ തന്റെ ഭാര്യയോട് സഹാനുഭൂതി തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍പോലും സീറ്റ് നല്‍കി എന്റെ ഭാര്യയെ സഹായിച്ചില്ല. എന്നാല്‍ ബസ് ഡ്രൈവര്‍ ചെയ്ത കുറ്റം കുറച്ചുകാട്ടുകയല്ല. ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ ബസിലാണ് യാത്ര ചെയ്യുന്നത്. ഞങ്ങളുടെ സുരക്ഷ അവരുടെ കൈയിലേക്കാണ് നല്‍കുന്നത്. എല്ലാ യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല അവര്‍ക്കുണ്ട് എന്നാല്‍ അവര്‍ അത് ചെയ്തില്ല, അദ്ദേഹം പറഞ്ഞു.

സഹോദരിക്കും ഇളയ മകള്‍ക്കുമൊപ്പമാണ് നാഷിദ ബസ്സില്‍ കയറിയത്. 30 മിനിറ്റോളം കാത്ത് നിന്നാണ് ഇവര്‍ക്ക് ബസ് കിട്ടിയത്. അതിനാലാണ് തിരക്കുള്ള ബസ്സില്‍ കയറിയതെന്ന് സഹോദരി ഷാനിദ പറഞ്ഞു. തിരക്കുള്ള ബസ്സായിരുന്നു അത്. ശരിക്ക് നില്‍ക്കാന്‍ സ്ഥലം കണ്ടെത്തുന്നതിന് മുന്‍പു തന്നെ വണ്ടി എടുത്തു. നാഷിദയെ ആരും ശ്രദ്ധിക്കുകയോ സീറ്റ് നല്‍കുകയോ ചെയ്തില്ലെന്നും അവര്‍ പറഞ്ഞു. ബസ്സുകാരുടെ അശ്രദ്ധയും ഡോര്‍ തുറന്നിട്ടതുമാണ് സഹോദരിയുടെ മരണത്തിന് കാരണമായതെന്നും ഷാനിദ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top