Uncategorized

കണ്ണ് തുറക്കു ഏമാനെ ഈ യുവാവ് മരിക്കാൻ പോകുന്നു….

IMG-20180112-WA0001

തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ തലസ്ഥാനത്തെ സെക്രട്ടേറിയറ്റ് പലതരത്തിലുള്ള സമരങ്ങളും പോരാട്ടങ്ങളും കണ്ടിട്ടുണ്ട്. ആ വെളുത്ത വലിയ കെട്ടിടത്തിനു മുന്നില്‍ എത്രയോ പേരുടെ ചോര വീണിട്ടുണ്ട്. മതിലിനോട് ചേര്‍ന്ന നടപ്പാതയില്‍ എത്രയോ പേര്‍ നീതിക്ക് വേണ്ടി മഴയും വെയിലും മഞ്ഞും കൊണ്ട് കിടന്നിട്ടുണ്ട്.

നടപ്പാതയിലൊരിടത്ത് രോമം വളര്‍ന്ന് നിറഞ്ഞ മുഖത്തോടെ, മെലിഞ്ഞുണങ്ങി, ഒരു മനുഷ്യന്‍ മരണം കാത്ത് കിടപ്പുണ്ട്. കഴിഞ്ഞ 761 ദിവസങ്ങളായി അതുവഴി കടന്ന് പോയ ഭരണകര്‍ത്താക്കളുടേയും നാട്ടുകാരുടേയും ശ്രദ്ധയില്‍പ്പെടാന്‍ മാത്രമുള്ള സെലിബ്രിറ്റി യോഗ്യതകളൊന്നുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍. ഈച്ചയേയോ കൊതുകിനേയോ കൊല്ലുന്നത് പോലെ ഭരണകൂടത്തിന്റെ ആളുകള്‍ കൊന്നുകളഞ്ഞ അനുജന് വേണ്ടിയുള്ള സമരത്തിലാണയാള്‍. മരണത്തിനും ജീവിതത്തിനും ഇടയിലുളള നേര്‍ത്ത നൂല്‍പ്പാലത്തില്‍ അയാളുടെ ആവശ്യം ഒന്ന് മാത്രമാണ്. നീതി! ഈ ജ്യേഷ്ഠനും അനിയനും വേണ്ടി സോഷ്യല്‍ മീഡിയ ഒന്നാകെ കൈ കോര്‍ത്ത് പിടിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ഓണ്‍ലൈനിലെ മാധ്യമപ്രവര്‍ത്തകന്‍ സുജിത്ത് ചന്ദ്രന്‍ പുറത്ത് കൊണ്ടുവന്ന വാര്‍ത്ത വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയ നീതിക്ക് വേണ്ടിയുള്ള ക്യാംപെയ്ന്‍ ആയി ഏറ്റെടുത്തത്. ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലാണ്. ഒറ്റയാള്‍ പോരാട്ടമാണ് ശ്രീജിത്തിന്റെത്. പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അനുജന്‍ ശ്രീജിവിന് നീതി വേണമെന്നതാണ് ശ്രീജിത്തിന്റെ ഏക ആവശ്യം.

2014 മെയ് 21നാണ് ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ചാണ് ശ്രീജിവിനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ച് വിഷം ലോക്കപ്പിലേക്ക് കടത്തിയെന്നും അത് കുടിച്ച് ശ്രീജിവ് ആത്മഹത്യ ചെയ്തുവെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ ശ്രീജിത്തോ കുടുംബമോ അത് വിശ്വസിക്കാന്‍ തയ്യാറല്ല. കാരണം മരണപ്പെട്ട ശ്രീജിവിന്റെ ശരീരത്തിലെമ്പാടും മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു.

വലത് വാരിയെല്ലിന്റെ ഭാഗത്തും കഴുത്തിലും വൃഷണത്തിലും മര്‍ദനമേററ പാടുകളുണ്ടായിരുന്നുവെന്ന് ശ്രീജിത്ത് പറയുന്നു. കൊതുകിനെയോ ഈച്ചയെയോ കൊല്ലുന്നത് പോലെ അനിയനെ അവര്‍ കൊന്നുകളഞ്ഞെന്ന് ശ്രീജിത്ത് പറയുന്നു. അനിയന്‍ എന്നതിനപ്പുറം കൂട്ടുകാരനായിരുന്നു ശ്രീജിത്തിന് അവന്‍. എന്തിനും എപ്പോഴും കൂടെയുണ്ടായിരുന്ന കൂട്ടുകാരന്‍. അവന്റെ മരണം വെറും ആത്മഹത്യയായി എഴുതിത്തള്ളാന്‍ കഴിയില്ല ശ്രീജിത്തിന്.

ശ്രീവിജിനെ പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയതാണ് എന്ന് കാണിച്ച് ശ്രീജിത്ത് പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അന്നത്തെ പാറശ്ശാല സിഐ ഗോപകുമാരും എസ്‌ഐ ഫിലിപ്പോസും ചേര്‍ന്ന് ശ്രീജിവിനെ മര്‍ദിച്ചതായി പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. അതിന് സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രതാപചന്ദ്രന്റെയും വിജയദാസിന്റെയും സഹായവും കിട്ടി. മസഹര്‍ തയ്യാറാക്കിയ എസ്‌ഐ ഡി ബിജു കുമാര്‍ വ്യാജ രേഖയുണ്ടാക്കിയതായും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി കണ്ടെത്തി.

തുടരന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി ഉത്തരവിട്ടു. അടിയന്തര സഹായമായി 10 ലക്ഷം രൂപ ശ്രീജിവിന്റെ കുടുംബത്തിനും നല്‍കാനും നിര്‍ദേശിച്ചു. ആരോപണ വിധേയരായ ഉദ്യോഗസ്ഥരാണ് ഈ പണം നല്‍കേണ്ടത് എന്നും ഉത്തരവിലുണ്ടായിരുന്നു. ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കി. എന്നാല്‍ വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.

അനുജന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് അനിശ്ചിതകാല സമരം തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. കൃത്യമായി പറഞ്ഞാല്‍ ഇന്നേക്ക് 762 ദിവസങ്ങള്‍. ഈ ദിവസങ്ങളത്രയും സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയില്‍ മഴയും മഞ്ഞും വെയിലും കൊണ്ട് അയാള്‍ കിടന്നു. ഒരു സമരപ്പന്തലിന്റെ തണല്‍ പോലുമില്ലാതെ. ഇതുവരെയും ഒരു അധികാരിയും ശ്രീജിത്തിനെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഈ ചെറുപ്പക്കാരനെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല.

വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിത കാല സമരത്തിനിടയില്‍ എത്രയോ തവണ ശ്രീജിത്ത് നിരാഹാര സമരവും കിടന്നു. ഒടുവിലെ നിരാഹാര സമരം തുടങ്ങിയിട്ട് മുപ്പത് ദിവസം നീണ്ടിരിക്കുന്നു. ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാത്രം ആഴ്ചയിലൊരിക്കല്‍ ഭക്ഷണം കഴിക്കും. ഭക്ഷണവും വെള്ളവും ഇല്ലാത്ത ഈ പോരാട്ടം ശ്രീജിന്റെ ആരോഗ്യ നില പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലാണ്. മൂത്രമൊഴിക്കുമ്പോള്‍ കൂടെ ചോരയും വരാറുണ്ടെന്ന് ശ്രീജിത്ത് തന്നെ പറയുന്നു.

വര്‍ഷങ്ങളുടെ ഈ സമരം മൂലം ശ്രീജിത്തിന്റെ ഓര്‍മ്മകള്‍ പോലും മുറിഞ്ഞ് പോയിത്തുടങ്ങിയിരിക്കുന്നു. എന്നാലും പിന്‍മാറാന്‍ തയ്യാറല്ല ശ്രീജിത്ത്. അനിയന്റെ ഓര്‍മ്മകളാണ് ശ്രീജിത്തിന് ഈ സമരം മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരേയൊരു കരുത്ത്. സെലിബ്രിറ്റികളുടെ പരാതികളില്‍ മണിക്കൂറുകള്‍ക്കകം പരിഹാരമുണ്ടാകുന്ന നാട്ടിലാണ് നീതിക്ക് വേണ്ടി ഒരാള്‍ മരിക്കാന്‍ കിടക്കുന്നതെന്നോർക്കുക. വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ ഇടംപിടിക്കാനുള്ള സ്റ്റാറ്റസ് ഉണ്ടായിരുന്നുവെങ്കില്‍ എന്നേ ഈ ചെറുപ്പക്കാരന് നീതി കിട്ടിയേനെ.

ആരും തിരിഞ്ഞ് നോക്കാനില്ലാതെ പോയ ശ്രീജിത്തിന് വേണ്ടി സോഷ്യല്‍ മീഡിയ ഒറ്റക്കെട്ടായി രംഗത്ത് വന്നിരിക്കുകയാണ്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന പേരില്‍ സോഷ്യല്‍ മീഡിയ ക്യാംപെയ്‌നും ആരംഭിച്ച് കഴിഞ്ഞു.ചിലര്‍ ശ്രീജിത്തിന്റെ കാര്യം ശശി തരൂര്‍ എംപിയുടെ മുന്നിലുമെത്തിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ശ്രീജിത്തിന് നീതി ലഭ്യമാക്കുക എന്നതില്‍ കുറഞ്ഞതൊന്നും ഇക്കാര്യത്തില്‍ ചെയ്യാനില്ല. ഇനിയും അധികാരികള്‍ കണ്ണ് തുറക്കാതെ, റോഡരികിൽ ആ ചെറുപ്പക്കാരന്‍ മരിച്ച് കിടന്നാല്‍ കേരളമൊന്നാകെ ആ അനീതിക്ക് മറുപടി പറയേണ്ടതായി വരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top